തിരുവിതാംകൂറിലെ ആദ്യത്തെ പഞ്ചായത്തുനിയമം 1925-ലാണു നിലവില്‍ വന്നത്. അതനുസരിച്ച് ഓരോ ഗ്രാമത്തിലും അഞ്ചില്‍ കുറയാതെയും പതിനൊന്നില്‍ കൂടാതെയും അംഗങ്ങളോടുകൂടിയ പഞ്ചായത്ത് സമിതികള്‍ ഉണ്ടായിരുന്നു. ഈ സമിതികള്‍ക്ക് സ്വന്തമായ അധികാരങ്ങളും ഉണ്ടായിരുന്നു. ഇവ ഡിവിഷന്‍പേഷ്കാരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുപോന്നു. 1940-ല്‍ വില്ലേജ് യൂണിയന്‍ നിയമം നടപ്പിലായി. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950-ല്‍ തിരുവിതാംകൂര്‍-കൊച്ചി വില്ലേജ് പഞ്ചായത്ത് ആക്ട് നിലവില്‍ വന്നു. ഈ കാലഘട്ടത്തില്‍ ഏറ്റുമാനൂര്‍ ഗ്രാമത്തിലും പഞ്ചായത്തുസംവിധാനം പ്രവര്‍ത്തിച്ചുപോന്നു.
1936 മുതല്‍ ഏറ്റുമാനൂര്‍ കേന്ദ്രമാക്കി ഒരു പഞ്ചായത്ത് പ്രവര്‍ത്തിച്ചുവന്നിരുന്നതായി പഞ്ചായത്ത് വികസനരേഖ (2002) യില്‍ കാണുന്നു. ഇതു പിന്നീടു വില്ലേജ് യൂണിയനായി. വില്ലേജ് യൂണിയനിലെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ജനഹിതമനുസരിച്ചായിരുന്നെങ്കിലും ജനാധിപത്യവോട്ടെടുപ്പു രീതിയിലായിരുന്നില്ല. നേതാക്കന്മാര്‍ വിളിച്ചുകൊണ്ടുവരുന്ന അനുയായികള്‍, സമവായപ്രകാരം അവരെ കൈയടിച്ചു തെരഞ്ഞെടുക്കുന്ന രീതിയായിരുന്നു അന്ന്. ഇതുമൂലം മൂന്നോ നാലോ നേതാക്കന്മാര്‍ മാറിമാറി പ്രസിഡന്‍റു സ്ഥാനം പങ്കുവെച്ചിരുന്നു. 1953-ല്‍ ആദ്യത്തെ ജനകീയ തെരഞ്ഞെടുപ്പു വരുന്നതുവരെ ഈ പ്രക്രിയ നിലനിന്നു. വി.ടി. ചാക്കോ, സി.എല്‍.വര്‍ക്കി തുടങ്ങിയവര്‍ ഇക്കാലത്തു പ്രസിഡന്‍റുമാരായിരുന്നവരാണ്. കെ.എന്‍.ഗോപാലന്‍ നായര്‍, വടക്കേടത്തു ഗോപാലപിള്ള എന്നിവര്‍ പ്രമുഖ നേതാക്കന്മാരായിരുന്നു.
1952-ല്‍ പഞ്ചായത്തു സംവിധാനം പുനഃസംഘടിപ്പിച്ചപ്പോള്‍ അതിരമ്പുഴയും ചുറ്റുപാടുമുള്ള പ്രദേശങ്ങളും ഏറ്റുമാനൂര്‍ പഞ്ചായത്തില്‍നിന്നും വേര്‍പെടുത്തി അതിരമ്പുഴ പഞ്ചായത്തു രൂപീകരിച്ചു.
1953-ല്‍ ആദ്യമായി നടന്ന പൊതുപഞ്ചായത്തു തെരഞ്ഞെടുപ്പില്‍, ഏറ്റുമാനൂര്‍ പഞ്ചായത്തില്‍ ചാണ്ടി വെള്ളാപ്പള്ളി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം 1963 വരെ പ്രസിഡന്‍റായിരുന്നു. ആദ്യത്തെ പഞ്ചായത്താഫീസ് ടൗണിന്‍റെ ഹൃദയഭാഗത്തുള്ള പള്ളിവക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് പൊതുജനങ്ങള്‍ക്കു വേണ്ടി പഞ്ചായത്താഫീസില്‍ ഒരു റേഡിയോ സ്ഥാപിക്കുകയുണ്ടായി. ചാണ്ടി വെള്ളാപ്പള്ളിയുടെ കാലത്ത് ഓഫീസ് നൂര്‍ജമാലിയ കെട്ടിടത്തിലേയ്ക്കു മാറ്റി. 1957-ല്‍ പഞ്ചായത്ത് സ്വന്തമായി പണികഴിപ്പിച്ച കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ചു. കോട്ടയം സബ്കളക്ടര്‍ ആയിരുന്ന കുമാരി പദ്മാ നാരായണ സ്വാമിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1977-നുശേഷം ഈ കെട്ടിടം ഇന്നത്തെ രീതിയില്‍ വിപുലമാക്കി പണികഴിപ്പിച്ചു.
1953-ലെ തിരഞ്ഞെടുപ്പിനുശേഷം പത്തുവര്‍ഷം കഴിഞ്ഞ് 1963-ലാണ് പിന്നീട് പഞ്ചായത്തുകളിലേക്കു തെരഞ്ഞെടുപ്പു നടന്നത്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലൂടെ സി.ജെ. ജോസഫ് പ്രസിഡന്‍റായി. 1964 ജനുവരി മുതല്‍ 1979 വരെ 16 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുപ്പില്ലാതെ ഇദ്ദേഹം പ്രസിഡന്‍റു സ്ഥാനത്തു തുടര്‍ന്നു. 1979-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വര്‍ക്കി കുര്യനും തുടര്‍ന്ന് വി.കെ. കുര്യനും പ്രസിഡന്‍റുമാരായി. ഇവരുടെ കാലാവധി കഴിഞ്ഞപ്പോള്‍ കേരളമൊട്ടാകെ പഞ്ചായത്തുകള്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തില്‍ വന്നു. കുറെക്കാലം ബി.ഡി.ഒയും പിന്നീട് താലൂക്കു പഞ്ചായത്തു ഓഫീസറും ഇവിടെ ഭരണം നടത്തി. 1988-ലും അതിനുശേഷം മിക്കവാറും ക്രമമായി 1995, 2000, 2005 വര്‍ഷങ്ങളിലും തെരഞ്ഞെടുപ്പുകള്‍ നടന്നു. 1988-നു ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായ മുന്നണി രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണ് മത്സരം നടന്നിരുന്നത്. ശ്രീ. ജോസഫ് കൂമ്പിക്കന്‍, ശ്രീ. ജോണി വര്‍ഗ്ഗീസ്, ശ്രീ. വി.ടി. ദേവസ്യാ, ശ്രീ. ജോസഫ് നരിക്കുഴി, ശ്രീ. ടി.എസ്. ശശികുമാര്‍, ശ്രീ. ഇ.ജി. സദാനന്ദന്‍, ശ്രീമതി രമാ വിശ്വാനാഥന്‍, ശ്രീ. കെ.എസ്. ശശിധരന്‍, ശ്രീ. വി.ജെ. തോമസ്, ശ്രീ. ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടില്‍, ശ്രീ. ബിജു കൂമ്പിക്കന്‍, ശ്രീ. ജോര്‍ജ് പുല്ലാട്ട് എന്നിവര്‍ മുന്നണികളെ പ്രതിനിധീകരിച്ച് പ്രസിഡന്‍റുമാരായി.
2015 നവംബര്‍ മാസം എറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറുകയും ശ്രീ.ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടി ആദ്യ മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ശ്രീ. ചാക്കോ ജോസഫ് (ജോയി മന്നാമല), ശ്രീ. ജോയി ഊന്നുകല്ലേല്‍, ശ്രീ. ജോര്‍ജ് ദേവസ്യാ പുല്ലാട്ട്, ശ്രീ. ബിജു കൂമ്പിക്കല്‍ എന്നിവര്‍ പ്രസിഡന്‍റുമാരായി. 2020 മുതല്‍ 2025 വരെ ശ്രീമതി ലൗലി ജോര്‍ജ് പടികര ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 2026 മുതല്‍ ശ്രീ ടോമി കുരുവിള ചെയര്‍പേഴ്സണായി തുടര്‍ന്നു പോരുന്നു.